അവകാശികൾ
രാജാ... നീ കടയിലൊന്നു പോയിട്ട് വരീ ...
അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്
സമയം ഒൻപതു മണി ആയിരിക്കുന്നു
ഇന്ന് പണിയില്ലാത്ത കൊണ്ട് നീണ്ടു നിവർന്നു കിടന്നുറങ്ങി
മൂന്ന് ദിവസായി പണിയില്ലാണ്ടായിട്ട്
അമ്മ കട്ടൻചായ കൊണ്ടുവന്നു
മധുരമില്ല .. പഞ്ചസാര തീർന്നു കാണും
ചോദിക്കാൻ പോയില്ല
വാർ പൊട്ടിയ ചെരുപ്പ് രാജനെ നോക്കി പല്ലിളിച്ചു
അമ്മയോട് വിളിച്ചു ചോദിച്ചു
എന്തൊക്കെ വേണ്ടീ ..
അരി, ചായപ്പൊടി,പഞ്ചാര ,കൂട്ടാനെന്തെങ്കിലും
എന്നും പറയുന്നത് തന്നെ , കൂടുതലും കുറവുമില്ല ...
കടക്കാരൻ ഗോവിന്ദേട്ടൻ സാധനങ്ങൾ തരുമോ എന്തോ
തോനെ കായ് കൊടുക്കാനുണ്ട്
ഒരാഴ്ചയായിട്ട് പണിയില്ല
കടം പറയുന്നത് അയാൾക്ക് ഇഷ്ടമല്ല. വെറുതെ തരുന്നത് പോലെ
കായ് കിട്ടുമ്പോ കൃത്യം കൊടുക്കും എന്നാലും
അയാള് ചീത്ത വിളിക്കും , എല്ലാരും നിക്കുമ്പോ ..
രാജന് ദേഷ്യം തിളച്ചു പൊന്തി
സാധനങ്ങള് തന്നാ മതിയായിരുന്നു
ഇല്ലെങ്കി പട്ടിണിയാകും
ഒന്ന് രണ്ടാളുകൾ സാധനം വാങ്ങാനുണ്ട് കാത്ത് നിന്നു
അവർ സാധനങ്ങൾ വാങ്ങി പോയി
ഗോവിന്ദേട്ടൻ ചോദ്യരൂപത്തിൽ നോക്കി
ഉം എന്തേ ?
അരി...
ബാക്കി പറയുന്നതിന് മുമ്പ് അയാൾ ചോദിച്ചു
പൈസയുണ്ടോ കയ്യിൽ ?
ഇല്ല ...
എന്നാ അരിയുമില്ല .. വന്ന വഴി പൊയ്ക്കോ ,,,
അഞ്ഞൂറ്റമ്പതു രൂപ തരാനുണ്ട്
എന്നിട്ടാ കടം വാങ്ങാൻ വന്നിരിക്കുന്നത്
നാണം കെട്ട വർഗം ...
തൊലിയുരിഞ്ഞു പോകുന്നത് പോലെ തോന്നി രാജന്
ഒന്നും മിണ്ടാതെ തിരിച്ചു നടന്നു...
കള്ള് കുടിക്കാനും , കഞ്ചാവടിക്കാനും പൈസയുണ്ട്
അരി വാങ്ങാൻ ഇല്ല.... അയാൾ തുടർന്ന് കൊണ്ടിരുന്നു
പണിയൻ അല്ലെ ഒന്നും പറയാനും പറ്റില്ല ...
കടയുടെ സൈഡിൽ ഇട്ട കസേരയിൽ ഇരുന്ന
ആൾ പറയുന്നത് കേട്ടു ..
എന്താ നമ്മളും മനുഷ്യരല്ലേ ഓല് വല്യ ആൾക്കാര്
ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി രാജൻ നിലത്തേക്ക് നീട്ടി തുപ്പി
ഭൂ ..
പണിയൻ ചീത്ത വിളിച്ചിട്ട് എത്ര പേരെയാ പോലീസ് പിടിച്ചത്
എന്നാ എല്ലാരേയും പോലീസ് പിടിക്കേണ്ടി വരും
രാജന് അമർഷം ഇരച്ചു കയറി ....
ചീത്തയും വിളിക്കും എന്നിട്ടു കള്ളക്കണക്കും എഴുതും
ഒരിക്കൽ പറ്റു കണക്കെഴുതി തരാൻ ഒരു ചെറിയ ബുക്കും കൊണ്ട് ചെന്നതാണ്
ആ ബുക്ക് അയാള് റോഡിലേക്ക് എറിഞ്ഞു.
കണക്കെഴുതാൻ വന്നിരിക്കുന്നു
നിനക്ക് എഴുതാനും, വായിക്കാനും അറിയാമോ
അത് ആദ്യം പഠിച്ചിട്ടു വാ....
ഉച്ചയായതു കൊണ്ട് ആരും കണ്ടില്ല
കണക്കു അന്നന്ന് എഴുതി തന്നാൽ അയാൾക്കു കള്ളക്കണക്കെഴുതാൻ പറ്റില്ല
അതാണ് ഇത്ര ദേഷ്യം ...
കാലി സഞ്ചിയുമായി തിരിച്ചു വരുന്നത് അമ്മ കണ്ടു അമ്മ ഒന്നും മിണ്ടിയില്ല
തൂമ്പയും കൊട്ടയും എടുത്ത് കാട്ടിലേക്ക് നടന്നു
നരിപ്പാറയുടെ താഴെ രണ്ടു ചുവട് കിഴങ്ങു കണ്ടിട്ടുണ്ട് അത് പറിച്ചാൽ രണ്ടു ദിവസം കഴിക്കാം
രാജൻ കുടിക്കില്ല വലിക്കില്ല വല്ലപ്പോഴും മുറുക്കും ഒരു ദിവസം പണിക്കു പോയാൽ കിട്ടുന്നത് നൂറ്റമ്പതു രൂപ
എല്ല്ലാ ദിവസവും പണിയുണ്ടാകില്ല
അതുകൊണ്ടു ആറു വയറു കഴിയണം
ഭാഗ്യം ആരും കിഴങ്ങ് പറിച്ചിട്ടില്ല . കിഴങ്ങു പറിച്ചു കൊട്ടയിലാക്കി രാജൻ നടന്നു
തെക്കേ ഊരിലെ അരവിന്ദനും ഗോവിന്ദന്റെ കടയിൽ പറ്റ് ആണ് . ഓന് പറ്റ് കൊടുക്കും കണക്കും എഴുതി കൊടുക്കും
പക്ഷെ ഓൻ പഠിച്ചിട്ടുണ്ട് പോലീസിൽ ജോലിയും കിട്ടി ഇപ്പൊ ട്രെയിനിങ് ആണ്
എങ്ങനെയെങ്കിലും പഠിക്കണം
ഇവർ എങ്ങിനെയാണ് ഇങ്ങിനെ പഠിച്ചെടുക്കുന്നത് അരവിന്ദനോട് അവനു ബഹുമാനം തോന്നി
അന്ന് സ്കൂളിൽ പോയിരുന്നേൽ ഇപ്പൊ എനിക്കും ജോലി കിട്ടിയേനെ
അന്ന് അച്ഛൻ പഠിക്കാൻ വിട്ടില്ല
അരവിന്ദൻ എല്ലായിടത്തും ഒറ്റയ്ക്ക് പോകും അവനു ബോർഡ് വായിക്കാൻ അറിയാം
ജോലിയുണ്ടെങ്കിൽ കടക്കാരൻ സാധനങ്ങൾ തന്നേനെ ...
രാജൻ വെറുതെ ആലോചിച്ചു കൊണ്ട് നടന്നു
ഇനിയിപ്പോ എങ്ങനെയാ പഠിക്കുക?
അന്ന് രാത്രി രാജൻ ഉറങ്ങിയില്ല
എങ്ങിനെ പഠിക്കാം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ
ഊരിനു മുകളിൽ വെളിച്ചവുമായി ചന്ദ്രക്കല തിളങ്ങി ...
അങ്ങാടിക്കപ്പുറത്താണ് ഹരി മാഷിന്റെ വീട്. സ്കൂളിലെ മാഷാണ് . എല്ലാവര്ക്കും മാഷിനെ ഇഷ്ടമാണ്
നന്നായി പഠിപ്പിക്കും. സ്കൂളിലും നാട്ടിലും എന്ത് കാര്യത്തിനും മാഷ് മുമ്പിലുണ്ടാകും
മാഷേ ...
മുറ്റത്തുനിന്ന് രാജൻ വിളിച്ചു
ഉള്ളിൽ നല്ല പരിഭ്രമം ഉണ്ട് മേല് ചെറുതായി വിറക്കുന്നുണ്ട്
മാഷ് എന്ത് പറയ്യ്വോ.. ആവോ ...
കളിയാക്കാതിരുന്നാൽ മതിയായിരുന്നു
രാജൻ ഉള്ളിലോർത്തു
മാഷ് വരാന്തയിലേക്ക് ഇറങ്ങി വന്നു
രാജനോ ... വരൂ രാജാ...
അതും പറഞ്ഞു മാഷ് അകത്തേക്ക് നടന്നു
മനസില്ലാ മനസോടെ രാജൻ അകത്തേക്ക് കയറി
രാജൻ ഇരിക്ക്
കസേര ചൂണ്ടി മാഷ് പറഞ്ഞു
രാജൻ പതുക്കെ കസേരയിൽ ഇരുന്നു
രാജൻ ഉണ്ടായ കാര്യമെല്ലാം പറഞ്ഞു മാഷ് കേട്ടിരുന്നു
എനിക്ക് പഠിക്കണം മാഷെ
എന്താ ഒരു മാർഗം?
രാജൻ പ്രതീക്ഷയോടെ മാഷിനെ നോക്കി
അക്ഷരം കൂട്ടിവായിക്കാനും , കണക്കു കൂട്ടാനും പഠിപ്പിച്ച മതി ...
മാഷ് ചിരിച്ചു ...
ഒരഞ്ചു പേരെങ്കിലും വരികയാണെങ്കിൽ നമുക്ക് ക്ലാസ്സ് തുടങ്ങാം
അഞ്ചു പേരെ കിട്ടുമോ രാജാ…
മാഷ് ചോദിച്ചു
ഞാൻ നോക്കാം മാഷേ രാജൻ പറഞ്ഞു ..
രാജൻ ഒരു രണ്ടു ദിവസം കഴിഞ്ഞു വാ ..
ഞാൻ ഒന്ന് ആലോചിക്കട്ടെ . മാഷ് പറഞ്ഞു
രാജന് സന്തോഷമായി .. മാഷ് വിചാരിച്ചാ നടക്കും ...
പുറത്തിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ അധികാരി രാമൻ നായര് വരുന്നു
അറിയാതെ മാറി നിന്നു പോയി. പിനീടാണ് ആലോചിച്ചത് എന്തിനാണ് മാറിനിന്നത്
ഞാനും അയാളെപ്പോലെ മനുഷ്യൻ തന്നെ അല്ലെ?
എന്തോ അപ്പൊ അറിയാതെ മാറി നിന്നു പോയി
വേണ്ടായിരുന്നു
രാജൻ മനസിൽ ആലോചിച്ചു
പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ മാഷ് സഹപ്രവർത്തകരായ ജെയിംസിനോടും ഗണേഷിനോടും ഇക്കാര്യം ചർച്ച ചെയ്തു
മാഷ് പറഞ്ഞു പതിനെട്ടിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള നൂറോളം യുവാക്കളുണ്ട് ഈ ഊരിൽ
ഇതിൽ പ്രാഥമിക വിദ്യഭ്യാസം ഉള്ളവർ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ
ബാക്കിയുള്ളവർ മുഴുവൻ നിരക്ഷരരാണ്
അവരിൽ കുറെയേറെ പേര് ഇന്ന് കള്ളിനും കഞ്ചാവിനും അടിമകളാണ്
കുത്തക മുതാളിമാർ ഇവരെ ചൂഷണം ചെയ്യുകയാണ്
മാഷ് തുടർന്നു
നാം കരുതുന്നത് പോലെയല്ല .. ഒരു തലമുറയുടെ യൗവനത്തെ ഇവർ നശിപ്പിക്കുകയാണ്
എന്നിട്ടു കൊടുക്കുന്നതു തുച്ഛമായ കൂലിയും.. ഇവർക്കു വേണ്ടി സംസാരിക്കുവാൻ ആരും ഇല്ല ..
ഇവർ ഉൾവലിയുകയാണ് ഇത് തുടർന്നാൽ ഈ ആദിവാസി സമൂഹം ശോഷിച്ചു് ഇല്ലാതായിത്തീരും
മാഷ് എന്താണ് ഉദ്ദേശിക്കുന്നത്
ജെയിംസ് ചോദിച്ചു
ഇവരെ നമ്മുക്ക് പഠിപ്പിക്കണം മാഷ് തുടർന്നു
അറിവിനേക്കാൾ വലിയ ആയുധമില്ല . അറിവുള്ളവൻ വെളിച്ചത്തിൽ നടക്കുമ്പോൾ അറിവില്ലാത്തവൻ ഇരുട്ടിൽ തപ്പിത്തടയുകയാണ്
സാക്ഷരനും നിരക്ഷരനും തമ്മിൽ ഇരുട്ടും വെളിച്ചവും തമ്മിലുള്ള വ്യത്യാസമുണ്ട്
മറ്റുള്ളവർ ഇവർക്ക് വേണ്ടി സംസാരിച്ചിട്ടു കാര്യമില്ല
എത്ര കാലം സംസാരിക്കും?
ഇവരുടെ അവകാശങ്ങൾ ഇവർ തന്നെ ചോദിച്ചു വാങ്ങുന്ന ഒരു കാലം വരും
അതിനു നമുക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന ഒരേ ഒരു കാര്യം ഇവർക്ക് സാക്ഷരത നൽകുക എന്നുള്ളതാണ്
മാഷ് എല്ലാവരെയും നോക്കി തുടർന്നു
രാജനിൽ ഒരു സ്പാർക് ഉണ്ട് . അത് നമുക്ക് കെടാതെ സൂക്ഷിക്കാം
ഒരു തലമുറയെ ഈ ഇരുട്ടിൽ നിന്നും കര കയറ്റുവാൻ സാധിച്ചാൽ . അത് ഈ സമൂഹത്തോട് ചെയ്യുന്ന ഒരു വലിയ സംഭാവനയാകും
മാഷ് പറഞ്ഞു നിർത്തി
ഗണേഷ് പറഞ്ഞു
മാഷേ.. ഇതത്ര എളുപ്പമല്ല ഒരുപാടു എതിർപ്പുകൾ വരും ഒരുപാടു ശത്രുക്കൾ ഉണ്ടാകും
ഈ ആദിവാസി സമൂഹം ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്ന് കരുതുന്ന ഒരുപാടു പേർ ഇവിടുണ്ട്
ഇവർ വിദ്യഭ്യാസം നേടി നാളെ ഇവരുടെ അവകാശങ്ങൾക്കായി കയ്യുയർത്തിയാൽ…?
ഇത്തരം ലോബികൾക്കു അത് ഭയങ്കര ബുദ്ധിമുട്ടായി തീരും
അതിനെ അത്ര
നിസ്സാരമായി കാണരുത് ... ഗണേഷ്
പറഞ്ഞു നിർത്തി
സമൂഹത്തിനു വേണ്ടി ഒരു ചെറു വിരലെങ്കിലും അനക്കാൻ പറ്റിയാൽ…
വരുന്ന തലമുറകളിൽ പത്തു പേരെങ്കിലും നമ്മളെ ഓർത്താൽ…
അതല്ലേ നമ്മുടെ ജീവിതത്തിന്റെ വിജയം ?
ജെയിംസ് പറഞ്ഞു മാഷിനെ നിരാശപ്പെടുത്തിയതല്ല. ഇതിന്റെ ഭവിഷ്യത്തുകൾ പറഞ്ഞു എന്നേയുള്ളു
ഞങ്ങൾ കൂടെയുണ്ടാകും
മാഷ് പറഞ്ഞത് പോലെ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റിയില്ലെങ്കിൽ ജീവിക്കുന്നതിൽ എന്താ അർത്ഥം?
മാഷ് പറഞ്ഞു
ശരി നമുക്ക് പിരിയാം ഞാൻ
ഒരു പ്ലാൻ തയ്യാറാക്കട്ടെ എന്നിട്ടു നമുക്ക് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം അവർ പിരിഞ്ഞു
വായനശാലയോടു ചേർന്നു ഒരു മുറിയുണ്ട് മീറ്റിങ്ങുകൾ നടത്താൻ വേണ്ടി അന്ന് പണിതതാണ്
പത്തിരുപതു പേർക്ക് ഇരിക്കാൻ പറ്റും. ഒരു ബോർഡ് സംഘടിപ്പിക്കണം ഇരിക്കുവാൻ ബെഞ്ചും ഡെസ്കും വേണം
ഉറങ്ങാൻ കിടന്നപ്പോൾ മാഷ് ഇതിനെക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്
അന്ന് മാഷിന് ശരിക്കും ഉറങ്ങുവാൻ സാധിച്ചില്ല
വായനശാലയുടെ ലൈബ്രേറിയൻ ശിവൻകുട്ടി ആണ്. വായനശാലയുടെ കുറച്ചപ്പുറത്താണ് ശിവൻകുട്ടിയുടെ വീട് . ഒരു കുന്നിൻമുകളിൽ ഒറ്റക്ക് നിൽക്കുന്ന ഒരു കെട്ടിടമാണ് ലൈബ്രറി
ഒരുപാടു പുസ്തകങ്ങൾ ഉള്ള ലൈബ്രറി ആണ്
പക്ഷെ കുറച്ചു പേര് മാത്രമേ പുസ്തകങ്ങൾ കൊണ്ടുപോകാറുള്ളു
വൈകുന്നേരങ്ങളിൽ ചിലർ വന്ന് പേപ്പറുകൾ വായിക്കും,ലൈബ്രറിയിൽ എല്ലാ പേപ്പറുകളും ഉണ്ട്
ഇരുന്നു വായിക്കുവാൻ വേണ്ടി രണ്ടു ബെഞ്ചും ഡെസ്കും മുൻവശത്തെ ഹാളിൽ ഇട്ടിട്ടുണ്ട്
ചിലർക്ക് വീട്ടിലുള്ള ഒരു പേപ്പർ മാത്രം വായിച്ചാൽ തൃപ്തിയാകില്ല
മറ്റു ചിലർക്ക് വീട്ടിൽ ദിനപത്രം വരുത്തുന്നുണ്ടാകില്ല
ഇവരൊക്കെ പത്രം വായിക്കുവാൻ ലൈബ്രറിയിൽ വരും
വാരിക്കോടൻ ഹംസ എല്ലാ ദിവസവും വരും
ആരോടും കൂടുതൽ സംസാരിക്കില്ല
വന്ന് എല്ലാ പേപ്പറുകളും വായിക്കും , വായിച്ചു തീരുമ്പോൾ ഏഴു മണിയാകും
ലൈബ്രേറിയൻ ശിവൻകുട്ടിക്ക് ഒരു ചിരിയും സമ്മാനിച്ച് തിരിച്ചു നടക്കും
ആൾക്ക് ചെറിയ കേൾവി കുറവുണ്ട് ഉറക്കെ പറഞ്ഞാലേ കേൾക്കൂ
അതുകൊണ്ടു തന്നെ അയാൾ ആരോടും അങ്ങോട്ട് കയറി സംസാരിക്കില്ല
വന്നു കയറുമ്പോഴും തിരിച്ചു പോകുമ്പോഴും ഓരോ ചിരി ശിവൻ കുട്ടിക്ക് നൽകും
വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ആണ് ലൈബ്രറി തുറന്നു പ്രവർത്തിക്കുക
ലൈബ്രറിയിൽ കാരംസും ചെസ്സും കളിക്കുവാനുള്ള സൗകര്യമുണ്ട്
ഇത് രണ്ടും ശിവൻകുട്ടി മുൻകൈയെടുത്തു കൊണ്ടുവന്നതാണ്
അങ്ങനെയെങ്കിലും കുറച്ചാളുകൾ ലൈബ്രറിയിൽ എത്തട്ടെ എന്നാണ് ശിവൻകുട്ടി ചിന്തിച്ചത്
മാത്രമല്ല ലൈബ്രറിക്ക് അതൊരു വരുമാന മാർഗവും ആണ്
ഓണത്തോടനുബന്ധിച്ചു കാരംസ്, ചെസ്സ്, വടം വലി എന്നിവയിൽ മത്സരം നടത്തി സമ്മാനവും നൽകാറുണ്ട്
പുസ്തകങ്ങൾ മെമ്പർഷിപ് ഉള്ളവർക്ക് വീട്ടിൽ കൊണ്ടുപോകാം വായിച്ചിട്ട് തിരിച്ചു കൊണ്ടുവന്നാൽ മതി
വൈകിയാൽ ഫൈൻ അടക്കണം
രാജനും ലൈബ്രറിയിൽ ഇടയ്ക്കു പോകാറുണ്ട് കാരംസ് കളിയ്ക്കാൻ.
വായിക്കാൻ അറിയാത്തതു കൊണ്ട് പുസ്തകങ്ങളുടെ
ഭാഗത്തേക്ക് പോകാറില്ല.
ലൈബ്രറിയുടെ പ്രസിഡന്റ് കുമാരേട്ടൻ എന്ന് വിളിക്കുന്ന കുമാരൻ നായർ ആണ്
അല്പം രാഷ്ട്രീയവും പൊതു പ്രവത്തനവുമായി
നടക്കുന്ന ആളാണ് കുമാരേട്ടൻ
പക്ഷെ ഭയങ്കര പിശുക്കൻ ആണെന്നാണ് നാട്ടുകാർ പറയാറ്
റൂമിന് വാടക ചോദിക്കുമോ എന്തോ..
പിറ്റേ ദിവസം സ്കൂളിലേക്ക് പോകുന്ന വഴിയിൽ കുമാരേട്ടന്റെ വീട്ടിൽ ഒന്ന് കയറി
മുറ്റത്തെത്തിയപ്പോഴേ കുമാരേട്ടൻ കണ്ടു
മാഷോ.. കയറിവാ..
കുമാരേട്ടൻ വീട്ടിലേക്കു ക്ഷണിച്ചു
എന്തൊക്കെയുണ്ട് കുമാരേട്ടാ വിശേഷങ്ങൾ ?
മാഷ് ചോദിച്ചു
സുഖം തന്നെ . നന്നായി പോകുന്നു
ഇരിക്ക് മാഷേ .. കസേര ചൂണ്ടി കുമാരേട്ടൻ പറഞ്ഞു
മാഷ് വന്ന കാര്യം വിശദീകരിച്ചു
അവസാനം കൂട്ടിച്ചേർത്തു
ആ ലൈബ്രറിയുടെ അരികിലുള്ള റൂം കിട്ടുകയാണെങ്കിൽ സൗകര്യം ആയിരുന്നു
അതിനെന്താ മാഷേ ഒരു നല്ല കാര്യത്തിനല്ലേ ?
എല്ലാ സപ്പോർട്ടും ഞാൻ തരാം ..
അവർ പഠിക്കാൻ വരുമോ ?
അർധോക്തിയിൽ കുമാരേട്ടൻ നിർത്തി..
ശ്രമിച്ചു നോക്കണം .. അത്ര എളുപ്പമല്ല
മാഷ് പറഞ്ഞു ...
കുമാരേട്ടൻ പറഞ്ഞു നന്നായി മാഷെ
ഇങ്ങനെ ആരെങ്കിലുമൊക്കെ ഇറങ്ങി പുറപ്പെടുമ്പോഴാണ്
പല നല്ല കാര്യങ്ങളും നടക്കുന്നത്
ഞാൻ ഇന്ന് തന്നെ ശിവൻ കുട്ടിയോട് പറയാം
കുമാരേട്ടനോട് നന്ദി പറഞ് മാഷ് ഇറങ്ങി നടന്നു
..
ചുറ്റിനും പാറയിലുടെ കുതിച്ചു ചാടുന്ന വെള്ളച്ചാട്ടങ്ങളുടെ ശബ്ദം ഇരമ്പിയാർക്കുകയാണ്
റോഡിലൂടെ കുതിച്ചൊഴുകുന്ന വെള്ളം തോട് പോലെ താഴെ
താഴ്വരയി ലേക്കൊഴുകുന്നു
മാഷ് പാന്റ് കയറ്റി വെച്ച് വെള്ളത്തിലേക്കിറങ്ങി
നല്ല തണുപ്പ് വെള്ളത്തിലെ ചെറിയ മീനുകൾ കാലിൽ
തട്ടി കിന്നാരം പറഞ്ഞു ഓടിപ്പോയി
മാഷ് ബൈക്കുമെടുത്ത് സ്കൂളിലേക്ക് പോയി
സ്കൂളിലെത്തി കാര്യങ്ങളുടെ പുരോഗതി ജെയിംസിനോടും ഗണേഷിനോടും പറഞ്ഞു
അവരുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം
ഉണ്ടായി
വൈകുന്നേരം അങ്ങാടിയുടെ പിൻവശത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു രാജൻ കൂടെ
രവിയും,നഞ്ചനനും ,പൊന്നനും ഒക്കെയായി പത്തോളം യുവാക്കൾ ഉണ്ടായിരുന്നു
വൈകുന്നേരങ്ങളിൽ എല്ലാവരും ഒത്തുകൂടുന്നത്
ഇവിടെയാണ്
കലുങ്കിന് താഴെ തോട്ടിൽ വെള്ളം
നിറഞ്ഞൊഴുകുന്നുണ്ട്
രാജൻ എല്ലാവരോടുമായി കാര്യങ്ങൾ വിശദീകരിച്ചു
രാജൻ പറഞ്ഞു മാഷ് നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്
ഒരു എട്ടു പേരെങ്കിലും ഉണ്ടെങ്കിലേ ക്ലാസ്
തുടങ്ങാൻ പറ്റു എന്നാ മാഷ് പറഞ്ഞേ
അരവിന്ദൻ പറഞ്ഞു അത് കൊള്ളാലോ
പഠിക്കാൻ പറ്റിയാൽ അപേക്ഷകൾ പൂരിപ്പിക്കാൻ
ആരുടേം പുറകെ നടക്കേണ്ട
ഈ പ്രായത്തിൽ ഇനി പഠിക്കണോ ?
നഞ്ചൻ സംശയം പ്രകടിപ്പിച്ചു
പ്രയായിന്ന് ഓർത്ത് എന്താണ് , കഷ്ടപെടാതെ പഠിക്കാൻ പറ്റ്വോ ?
അന്ന് സ്കൂളിൽ പോകാൻ പറ്റിയാർന്നേൽ നമുക്കും എന്തെങ്കിലും ജോലി കിട്ടിയേനെ നല്ല
ശമ്പളവും കിട്ടിയേനെ..
വൈകുന്നേരം പണി കഴിഞ്ഞ് ഇരുന്നാൽ പോരേ ?
മാഷ് ഉള്ളതുകൊണ്ടാണ് ഇത് നടക്കുന്നത്
വേറെയൊരു ചാൻസ് കിട്ടില്ല...
രാജൻ പറഞ്ഞു നിർത്തി ..
എല്ലാവരും കുറച്ചു സമയം നിശബ്ദരായി...
നിങ്ങള് തയ്യാറാണെങ്കിൽ ഞാൻ മാഷിനോട് പറയാം
ആരുമില്ലെങ്കിലും ഞാൻ മാഷിന്റെ വീട്ടിൽ പോയി
പഠിക്കും അത് ഉറപ്പാ...
ദൃഡമായിരുന്നു രാജന്റെ വാക്കുകൾ
ഇപ്പൊ ഇവിടെയിരിക്കുന്നതിൽ ശിവനും കൃഷ്ണനും മാത്രമേ സ്കൂളിൽ പോയിട്ടുള്ളൂ
ബാക്കിയാരും സ്കൂളിൽ പോയിട്ടില്ല അതുകൊണ്ടാണ്
നമ്മളെ ആർക്കും വിലയില്ലാത്തത്
നഞ്ചൻ പറഞ്ഞു ഞങ്ങള് റെഡിയാണ് രാജാ നീ മാഷിനോട് ചോദിച്ചിട്ടു പറയ്
രാജന് സന്തോഷമായി ..
കുറച്ചു കഴിഞ്ഞപ്പോൾ വിശ്വൻ അത് വഴി വന്നു
രാജാ.. മാഷ് നിന്നോട് രാവിലെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു .
രാജൻ ചാടിയെഴുന്നേറ്റു
ഉം രാജൻ തലയാട്ടി
പിറ്റേ ദിവസം രാജൻ മാഷിന്റെ വീട്ടിൽ ചെന്നു
മാഷ് പറഞ്ഞു നമുക്ക് ലൈബ്രറി കെട്ടിടത്തിന്റ
റൂമിൽ ക്ലാസ്സ് ആരംഭിക്കാം അവർ സമ്മതം തന്നിട്ടുണ്ട്
താങ്കളാഴ്ച ക്ലാസ് തുടങ്ങണം
രാജൻ തലയാട്ടി
എത്ര പേരുണ്ടാകും
എട്ടു പേര് വരും മാഷേ രാജൻ പറഞ്ഞു
ഇനി രണ്ടുപേരെ കൂടി കണ്ടുപിടിക്കണം
ആളുകുറഞ്ഞാൽ മാഷ് ക്ലാസ് നടത്തിയില്ലെങ്കിലോ എന്നോർത്താണ്
എട്ട് പേര് എന്ന് പറഞ്ഞത്
രാജൻ വീട്ടിലേക്കു നടന്നു
വൈകുന്നേരം മാഷിന് കുമാരേട്ടന്റെ ഫോൺ വന്നു ..
മാഷെ ഞാൻ ശിവൻകുട്ടിയോടു പറഞ്ഞു എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്
കുമാരേട്ടൻ പറഞ്ഞു
ആയിക്കോട്ടെ കുമാരേട്ടാ വളരെ ഉപകാരം .. മാഷ് പറഞ്ഞു
ശനിയാഴ്ച്ച വൈകുന്നേരമായപ്പോൾ മാഷ് ലൈബ്രറിയിലേക്ക് പോയി ഒപ്പം രാജനെയും കൂട്ടിയിരുന്നു
എല്ലാം അടിച്ചു വൃത്തിയാക്കണം. ഡെസ്കും ബെഞ്ചും സംഘടിപ്പിക്കുകയാണ് ബുദ്ധിമുട്ട്
ശിവൻകുട്ടി താക്കോൽ തന്നിരുന്നു തുറന്നു നോക്കുമ്പോൾ
റൂം വൃത്തിയാക്കിയിട്ടിരിക്കുന്നു
രണ്ടു ബെഞ്ചും ഡെസ്കും ഭിത്തിയിൽ ബോർഡും ....
മാഷ് അന്തം വിട്ടു നിന്നു
ശിവൻകുട്ടി അങ്ങോട്ട് വന്നു
അത് കുമാരേട്ടൻ ചെയ്യിച്ചതാ മാഷേ
അവർക്കു വേണ്ട പെൻസിലും സ്ലേറ്റും ബുക്കുമെല്ലാം
എത്തിച്ചിട്ടുണ്ട്....
പിള്ളേര് പഠിക്കട്ടെ മാഷേ
നാം ഒരു നന്മ ചെയ്യാൻ ശ്രമിച്ചാൽ ആരെങ്കിലുമൊക്കെ
സഹായിക്കുവാൻ വരും മാഷ് മനസ്സിലോർത്തു
തിങ്കളാഴ്ച ആറു മണിക്ക് എല്ലാവരും എത്തി
കുമാരൻ മാഷിനെയും ക്ഷണിച്ചിരുന്നു
ജെയിംസും ഗണേഷും എത്തി
കുമാരേട്ടൻ ഒരു ചെറു പ്രസംഗത്തോടെ
ക്ലാസ് ഉൽഘാടനം ചെയ്തു
അക്ഷരങ്ങൾ ആദ്യമൊന്നും അവർക്ക് വഴങ്ങിയില്ല
തൂമ്പ പിടിക്കുന്ന കൈകളിൽ പെൻസിൽ ഞെരിമ്മർന്നു
അഞ്ചാം വയസിൽ എഴുതേണ്ട അക്ഷരങ്ങൾ അവർ
ഇരുപത്തഞ്ചാം വയസിൽ എഴുതി
അക്ഷരങ്ങളുടെ വർണ്ണ ലോകത്തേക്ക് അവർ ചുവടുകൾ വെച്ചു
ഓരോ അക്ഷരങ്ങളും തെറ്റില്ലാതെ എഴുതുമ്പോൾ ഒരു ജേതാവിന്റെ ഭാവമായിരുന്നു അവർക്ക്
ഇവരുടെ പഠിത്തം അങ്ങാടിയിൽ സംസാരവിഷയമായി
ചിലർ സന്തോഷം പ്രകടിപ്പിച്ചു
ചിലർ പരിഹസിച്ചു
പണിയൻമാരല്ലേ എത്ര നാൾ പഠിക്കും?....
മേലേടത്തു ശങ്കരൻ നായർ അറിയപ്പെടുന്ന മുതലാളി ആണ്
ഇഷ്ടം പോലെ ഭൂമിയുണ്ട്
വിലകൊടുത്തു വാങ്ങിയതും വെട്ടിപിടിച്ചതും ബലം പ്രയോഗിച്ചു പിടിച്ചെടുത്തതും ഒക്കെയാണ്
പിന്നെ മറ്റുള്ളവരുടെ സ്ഥലങ്ങൾ പണയത്തിനു വാങ്ങി സ്വന്തമാക്കിയതും
കൊള്ളപ്പലിശ കൊടുത്തു മുടിയുമ്പോൾ അയാൾ സ്ഥലം നാട്ടുകാരിൽ നിന്നും സ്വന്തമാക്കും
അറുത്ത കൈക്കു ഉപ്പു തേക്കാത്തവൻ എന്നാണ് നാട്ടുകാർ പറയാറ്
രാജനും മറ്റും ഇവിടെയാണ് പണിക്കു പോകാറ്
അല്പം വൈകിയാൽ പകുതി കൂലിയെ കൊടുക്കൂ
ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ആണ് നായര്
ആ പണിയമ്മാര് പഠിക്കാൻ തൊടങ്ങിയിരിക്കുന്നു
കാര്യസ്ഥൻ ശങ്കുണ്ണി പറഞ്ഞു
ഉം… ഞാൻ അറിഞ്ഞു
ചാരുകസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് നായര് പറഞ്ഞു
ഇവമ്മാര് പഠിച്ചാ എത്ര പഠിക്കും ?...
വായിലേക്ക് എന്തെങ്കിലും പോകണമെങ്കിൽ ഞാൻ കൊടുക്കണം
പണിയൻ പഠിച്ചാ എത്ര പഠിക്കും
നന്ദിയില്ലാത്ത വർഗം....
സമരം നടത്തും . പാർട്ടി ഇടപെടും
പിന്നെ എല്ലാം പൊല്ലാപ്പാകും
മുളയിലേ നുള്ളുന്നതാ നല്ലത്
ശങ്കുണ്ണി പറഞ്ഞു നിർത്തി
ഉം നായര് അമർത്തി മൂളി
ആരാ അവരുടെ പുറകില് ?
നായര് ചോദിച്ചു
ആ ഹരിമാഷാ ....
അയാൾക്കു എന്തിൻറെ സൂക്കേടാണാവോ..?
ശങ്കുണ്ണി പറഞ്ഞു
ഓ ആ വരത്തൻ മാഷോ?
ഉം അതെ ... ശങ്കുണ്ണി പറഞ്ഞു
സ്കൂളിലെ പഠിപ്പിക്കല് പോരെ അയാൾക്ക് ?
നാട് നന്നാക്കാൻ നടക്കണ് ...
നായരുടെ അമർഷം വാക്കുകളായി പുറത്തു ചാടി
രാത്രിയായപ്പോൾ നായരുടെ മകൻ മധു വന്നു
അയാൾക്കു നിറയെ കടകളുണ്ട്, ഫാക്ടറിയുണ്ട് ..
രാവിലെ പോയാൽ വൈകുന്നേരമേ വരൂ
നായര് കാര്യങ്ങളെല്ലാം മകനെ ധരിപ്പിച്ചു
ഇത് അപകടമാണ്
ഇപ്പഴേ തടയണം ഇല്ലെങ്കിൽ ഇവമ്മാർ തോളത്തു കയറി ചെവി കടിക്കും
പാർട്ടി ഇടപെട്ടാൽ പിന്നെ ഒന്നും നടക്കില്ല
അവർ പറയുന്ന കൂലി കൊടുക്കേണ്ടിവരും
മധു പറഞ്ഞു ...
ആ ഹരി മാഷാണ് പുറകിൽ
ഉം മധു മൂളി
മൂന്ന് മാസങ്ങൾ കഴിഞ്ഞു
മാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്.
റോഡിനു താഴേക്ക് വീണത്രെ
അപകടം നടന്നതിന് തൊട്ടു പിറകെ ഒരാൾ അവിടെയെത്തി
മാഷിനെ ചുമലിലേറ്റി തന്റെ വണ്ടിയിൽ
കിടത്തി. വണ്ടി
നേരെ പോയത് ആശുപത്രിയിലേക്കാണ് . വേണ്ട ചികിത്സ ലഭിക്കുന്നത് വരെ അയാൾ അവിടെ നിന്നു
രാത്രി
കുമാരേട്ടന് ഒരു ഫോൺ വന്നു. മാഷ് അപകടത്തിൽ പെട്ടെന്നും താലൂക്ക്
ആശുപത്രിയിലുണ്ടെന്നും
അപ്പൊ തന്നെ കുമാരേട്ടൻ വണ്ടിയെടുത്തു
ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും എത്തിച്ച ആളെ തിരഞ്ഞു
അപ്പോഴേക്കും അയാൾ ഇരുട്ടിൽ നടന്നു മറഞ്ഞിരുന്നു
ആർക്കും മനസിലായില്ല അയാൾ ആരായിരുന്നു
എന്ന്....
ഒരു മാസമെടുത്തു മാഷ് സുഖം പ്രാപിക്കാൻ
ഇപ്പോഴും മാഷിന്റെ ഇടത്തെ കാലിനു ചെറിയ സ്വാധീനക്കുറവുണ്ട്
അത് സാവധാനം ശരിയാകുമെന്നാണ് ഡോക്ടർ പറഞ്ഞത്
വൈകുന്നേരങ്ങളിൽ അങ്ങാടിയിൽ ഇത് ചർച്ച വിഷയമായി
മാഷിന് ശങ്കരൻ നായര് പണി കൊടുത്തതാകും ,
ആവശ്യമില്ലാത്ത പണിക്കു പോയതല്ലേ ?
പണിയൻമ്മാരെ മയിസ്രേട്ടാക്കാൻ നടക്കുന്നു
ഫൂ ...
കടക്കാരൻ ഗോവിന്ദൻ നീട്ടിത്തുപ്പി .
രാജൻ ഇടയ്ക്കിടയ്ക്ക് മാഷിനെ കാണാൻ ചെന്നു
മാഷ് പറഞ്ഞു ഇത് ഒരപകടമാണ് കോട മൂടിയത് കൊണ്ട്
ഞാൻ വഴി കണ്ടില്ല
അതാ പറ്റിയെ ...
മാഷ് പറഞ്ഞു അടുത്ത ആഴ്ച്ച മുതൽ നമുക്ക് ക്ലാസ് തുടങ്ങണം മുടങ്ങിപോയാൽ പിന്നെ അത് നടക്കില്ല
ക്ലാസുകൾ പഴയതു പോലെ വീണ്ടും തുടങ്ങി
ഒരു ദിവസം മാഷ് വീട്ടിലേക്കു പോകുന്ന വഴി ശങ്കരൻ നായരെ കണ്ടു
അല്ല മാഷേ ക്ലാസ്സൊക്കെ നടക്കുന്നുണ്ടോ
എന്നത്തേക്കാ
പണിയമ്മാർക്ക് ജോലി കിട്ട്വാ ..?
പുച്ഛ
സ്വരത്തിൽ നായര് ചോദിച്ചു
മാഷ് പറഞ്ഞു
നായരേ .. ഞാൻ ജോലി കിട്ടാൻ വേണ്ടിയല്ല അവരെ
പഠിപ്പിക്കുന്നത്
നിങ്ങളെപ്പോലുള്ളവരുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ്
അവർക്കു ആരോഗ്യമുണ്ട് അവര് പണിയെടുത്തു
ജീവിച്ചോളും…
അതിനു ഞാൻ പണികൊടുക്കണം മൂന്ന് നേരം മുക്ക് മുട്ടെ തിന്നണമെങ്കിൽ
നായര് പറഞ്ഞു
മാഷ് നായരുടെ അടുത്തേക്ക് ചെന്നു
അവര് പട്ടിണി കിടന്നു ശീലിച്ചവരാണ് നായരേ ..
ഇനിയും വേണ്ടിവന്നാൽ അവരങ്ങനെ തെന്നെ ജീവിക്കും
പട്ടിണി കാണിച്ച് അവരെ പേടിപ്പിക്കരുത്…
ഞാൻ അവർക്കു കൊടുക്കുന്നത് അറിവിന്റെ അക്ഷരങ്ങളാണ്
നാളെ അവര് നിങ്ങളെക്കാൾ മുകളിലെത്തും
മാഷ് തുടർന്നു
അറിവിനേക്കാൾ വലിഅയ ആയുധമില്ല
നാളെ അവരുടെ അവകാശങ്ങൾ അവർ നിങ്ങളോടു കണക്കു
പറഞ്ഞു വാങ്ങും..
മറ്റൊരാൾ അവർക്കു വേണ്ടി സംസാരിച്ചിട്ട്
കാര്യമില്ല
അതിനാണ് ഞാൻ അവരെ പ്രാപ്തരാക്കുന്നത്
എങ്കിലേ അവരുടെ അടുത്ത തലമുറയും അതിനു
പ്രാപ്തരാകൂ..
അപ്പോൾ അവരെ തടയാൻ നിങ്ങൾക്ക് സ്വരുക്കൂട്ടിയ ആയുധങ്ങൾ പോരാതെ വരും
ഭരിക്കപ്പെടുന്നവനിൽ നിന്നും മാറി ഭരിക്കുന്നവന്റെ സ്ഥാനത്ത് അവർ വരും മറക്കണ്ട.. നായരേ
നായര് ചിരിച്ചു
അതുവരെയുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്ക് ..
അല്ല .. ഒരപകടം കഴിഞ്ഞല്ലേയുള്ളു
മാഷ് പറഞ്ഞു
ഇത്രയും കാലം ജീവിക്കുമെന്ന് ഞാനാർക്കും വാക്ക്
കൊടുത്തിട്ടില്ല
മാഷ് ഒന്ന് നിർത്തി
ഇത്ര കാലം ജീവിക്കുമെന്ന് നായർക്ക് ഉറപ്പുണ്ടോ?
നായര് ഞെട്ടി...
അന്ന് രാത്രി നായർക്കു ഉറങ്ങാൻ പറ്റിയില്ല
മാഷുടെ വാക്കുകൾ വെള്ളിടി വെട്ടിയത് പോലെ
നായരുടെ മനസ്സിൽ പതിഞ്ഞു
ആരായിരിക്കും ആ അജ്ഞാതൻ ..
ഇരുട്ടിലേക്ക് മറഞ്ഞു പോയ ആ അജ്ഞാതൻ ...
നായരുടെ തലയ്ക്കു മീതെ മാനത്ത്
മേഘങ്ങൾ അപ്പോഴും ഉരുണ്ടു കൂടുകയായിരുന്നു
അന്ന് രാത്രി നായരുടെ മകൻ മധു ആരോടോ ഫോണിൽ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു
ഒരു പ്രാവശ്യം അവൻ വഴുതി പോയതാ ഇനി അത്
ഉണ്ടാവരുത് . ഇതോടെ തീരണം അവന്റെ പഠിപ്പീര്
ഒരു ദിവസം മാഷ് ടൗണിൽ പോയി മടങ്ങുന്ന വഴിയാണ്. മഴ ആർത്തു പെയ്യുന്നുണ്ട്
വിചാരിച്ചതിനേക്കാൾ വൈകിയിരിക്കുന്നു
കുറേ ദൂരം എത്തിയപ്പോൾ ഒരാൾ ബൈക്കിനു കൈകാണിച്ചു അയാളുടെ ബൈക്ക് കേടായെന്ന് തോന്നുന്നു
മാഷ് ബൈക്ക് നിർത്തി അയാളുടെ അടുത്തേക്ക് ചെന്നു
അടുത്തെത്തിയതും അയാൾ മാഷിനെ ശക്തമായി അടിച്ചതും ഒരുമിച്ചായിരുന്നു
വീണു പോയ മാഷ് കണ്ടത് തിളങ്ങുന്ന കത്തിയുമായി തന്നെ കുത്താനോങ്ങുന്ന അയാളെയാണ്
പക്ഷെ അടുത്ത നിമിഷം അയാൾ തെറിച്ചു വീഴുന്നത് മാഷ് കണ്ടു കറുത്ത വസ്ത്രധാരിയായ ഒരാൾ മുമ്പിൽ നിക്കുന്നു അയാളുടെ മുഖം വ്യക്തമല്ലായിരുന്നു
പിന്നെ അവിടെ ഒരു സംഘട്ടനം ആയിരുന്നു. ഊരിയ കത്തിയുമായി കറുത്ത വസ്ത്രധാരിക്ക് നേരെ ചാടിയ
അക്രമിക്ക് അടിതെറ്റി അയാൾ ഇടതുവശത്തുള്ള കൊക്കയിലേക്ക് അലർച്ചയോടെ വീണു . ആ നിലവിളി കൊക്കയുടെ അടിയിലേക്ക് ആഴ്നിറങ്ങിപോയി.
ആ കറുത്ത വസ്ത്രധാരി മാഷോട് വിളിച്ചുപറഞ്ഞു
മാഷ് പൊയ്ക്കോ...
ഇവിടെയൊന്നും നടന്നിട്ടില്ല ... ആരോടും ഇതിനെക്കുറിച്ചു പറയരുത്...
ഇനിയാരും നിങ്ങളെ ഉപദ്രവിക്കില്ല
ഇത് ഞാൻ തരുന്ന ഉറപ്പാണ് ....
അയാളുടെ സ്വരം ദൃഢമായിരുന്നു
മാഷ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ധൃതിയിൽ ഓടിച്ചു പോയി
മാഷിന് മനസിലായി ആരോ തനിക്കു ചുറ്റും ഒരു വലയം തീർത്തിട്ടുണ്ട്
ഏതായാലും ശത്രുവല്ല....
പിറ്റേ ദിവസം രാവിലെ മാഷ് അവിടെ വന്നു നോക്കിയെങ്കിലും തലേ ദിവസം നടന്ന സംഭവങ്ങളുടെ ഒരടയാളങ്ങളും അവിടെ ഇല്ലായിരുന്നു
ആഴ്ചകൾ കടന്നു പോയി ഒരു ദിവസം ടൗണിൽ പോയി വന്ന ശങ്കരൻ നായരുടെ കാർ വാൽവിൽ വെച്ചേ നിയന്ത്രണ വിട്ടു കൊക്കയിലേക്ക് മറിഞ്ഞു
മകൻ മധുവും നായരുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മധു മരിച്ചു
നായരുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു
അത് സ്വാഭാവിക അപകടമായിരുന്നെന്നും
അല്ല അത് കരുതി കൂടി മറ്റാരോ ഉണ്ടാക്കിയ
അപകടമാണെന്നും നാട്ടുകാർ പറഞ്ഞു
മൂന്ന് കൊല്ലങ്ങൾ കടന്നു പോയി…
രാജന് കടക്കാരൻ ഗോവിന്ദൻ ബുക്കിൽ പറ്റെഴുതി കൊടുക്കാൻ തുടങ്ങി
രാജനും കൂടെയുള്ള ഏഴു പേരും അടുത്ത കൊല്ലം പത്താം ക്ലാസിനു തുല്ല്യമായ തത്തുല്ല്യ പരീക്ഷ എഴുതാൻ പോവുകയാണ്
മാഷിന് നാട്ടിലുള്ള സ്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടി
ഇന്ന് മാഷ് പോവുകയാണ്
രാജനെ അടുത്ത് വിളിച്ചു മാഷ് പറഞ്ഞു
രാജാ… . ആ കറുത്ത
വസ്ത്രധാരിയെ ഞാൻ കണ്ടിരുന്നു
ഒരിക്കൽ മാത്രം….
അയാൾ ഇവിടെ എവിടെയോ ഉണ്ട്...
നിങ്ങൾക്കു ചുറ്റും അയാളുടെ സംരക്ഷണം ഉണ്ട്...
ധൈര്യമായി മുന്നോട്ടു പോവുക...
നിങ്ങളും ഈ ഭൂമിയുടെയും ,ഇവിടെയുള്ള സർവവിധ
സൗകര്യങ്ങളുടെയും അവകാശികൾ ആണ്
അവ കിട്ടാതെ
വരുമ്പോൾ ചോദിച്ചു വാങ്ങണം..
അപ്പോഴും മാഷിന്റെ മനസിൽ ഒരു ചോദ്യം ബാക്കിയായി…
ആരായിരിക്കും അയാൾ….
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteExcellent
ReplyDelete