പോരാളികൾ
അഞ്ചു മണിയാകുമ്പോൾ വർക്ക്ഷോപ്പ് പൂട്ടിക്കോളാൻ മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു. റിപ്പയറിനു വന്ന അവസാനത്തെ ബൈക്കും നന്നാക്കി കൊടുത്തു കഴിഞ്ഞപ്പോൾ മാണി നാലര ആയി
വർക്ക്ഷോപ്പ് പൂട്ടി സൈക്കിൾ സ്റ്റാൻഡ് തട്ടി പോകാൻ നോക്കുമ്പോൾ സൈക്കിളിന്റെ പുറകിലത്തെ ടയർ പഞ്ചർ .... റിം ദ്രവിച്ചു പൊടിഞ്ഞു പോയിരിക്കുന്നു റിമ്മിൽ വിരൽ കടന്നു പോകുന്ന ഒരു ഓട്ട
തലമുടി
വെട്ടിക്കുവാൻ ആണ് നേരത്തെ അനുവാദം ചോദിച്ചു ഇറങ്ങിയത് ഇനിയത് ഇന്ന് നടക്കില്ല .
ഒരു ദിവസം കൂടി
ആയുസു നീട്ടിക്കിട്ടിയ സന്തോഷത്തിലാണ് തലമുടി
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ അന്ത്യശാസനം നൽകിയതാണ് മുടി വെട്ടിയിട്ടു വീട്ടിൽ കയറിയാൽ മതി
അമ്മയേക്കാൾ വലിയ പോരാളി ആരാണുള്ളത് എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത് മഴ തകർത്തു പെയ്യുന്ന ഒരു രാത്രിയിൽ വീട്ടിലേക്ക് വരുമ്പോൾ ഇടവഴിൽ വെച്ചാണ് പാമ്പു കടിച്ചത്. ഉഗ്ര വിഷമുള്ള പാമ്പായിരുന്നു അത്രേ വിഷം തീണ്ടി പത്തടി നടക്കുവാൻ അച്ഛന് കഴിഞ്ഞില്ല വീട്ടിലേക്കു വാങ്ങിയ പച്ചക്കറിയുടെ കൂടെ ഞങ്ങൾക്ക് വാങ്ങിയ കടല മുട്ടായിയും പ്ലാസ്റ്റിക് കൂട്ടിൽ മഴ നനഞ്ഞു കുതിർന്നു കിടന്നിരുന്നു
അച്ഛന്റെ മൃതശരീരത്തിനു മുമ്പിൽ ഞങ്ങളെയും നെഞ്ചത്തടക്കി അമ്മയുടെ ഇരിപ്പ് ഇന്നും ഓർമ്മയുണ്ട്
അവിടുന്നങ്ങോട്ട് അമ്മ വിശ്രമിച്ചിട്ടില്ല ഞാറു നടാൻ പോയും കൂലിപ്പണിയെടുത്തും അമ്മ ഞങ്ങളെ വളർത്തി ചേച്ചിമാർ വലുതായപ്പോൾ അവരും പണിക്കു വരാം എന്ന് പറഞ്ഞു
അമ്മ സമ്മതിച്ചില്ല
അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ നിങ്ങളെ പണിക്കു വിടില്ലായിരുന്നു....
അതും പറഞ്ഞു അമ്മ ഇറങ്ങി നടക്കും
പിന്നെ എന്ത്
പറഞ്ഞിട്ടും കാര്യമില്ല
രണ്ടു ചേച്ചിമാരേയും നല്ല നിലയിൽ കല്യാണം കഴിച്ചു വിട്ടു . അമ്മ സ്വസ്ഥമായി.
സൈക്കിൾ എടുത്തു വർക്ക്ഷോപ്പിൽ വെച്ച് പൂട്ടി. ഇനി നടക്കണം അര മണിക്കൂർ നടന്നാൽ വീട്ടിൽ എത്താം
കുറച്ചുദൂരം ചെന്നപ്പോൾ പോസ്റ്റോഫീസിനു മുമ്പിൽ മാഷ് ഇരിക്കുന്നുണ്ട് വളരെ സീരിയസ് ആയി എന്തൊക്കെയോ എഴുതി കൊണ്ടിരിക്കുകയാണ് എഴുതുന്നത് ഒരു സിഗരറ്റിന്റെ ബോക്സ് പൊളിച്ചു അതിലാണ്
ചളി പിടിച്ചു കറുത്ത ഷർട്ടും പാന്റും അവിടവിടെ കീറിയിരിക്കുന്നു മുടി മുഴുവൻ ചെളി പിടിച്ചിരിക്കുന്നു
സുമുഖനും സുന്ദരനുമായിരുന്നത്രെ കൃഷ്ണൻ മാഷ്. നല്ലവണ്ണം പഠിപ്പിക്കും തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയും ആയി സ്നേഹത്തിൽ ആയിരുന്നത്രേ. വളരെ ദരിദ്രാവസ്ഥയിൽ ആയിരുന്ന അവരെ സഹായിച്ചത് മുഴുൻ മാഷായിരുന്നു ആ പെൺകുട്ടിയെ ബി എഡ് വരെ പഠിപ്പിച്ചു ഒരു സ്കൂളിൽ ജോലിയും വാങ്ങിക്കൊടുത്തു. പക്ഷെ മാഷിൻറെ നെഞ്ചിൽ ഇടിത്തീ കോരിയിട്ട് ആ പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോയി. അത് മാഷിന് താങ്ങാൻ പറ്റിയില്ല. പതുക്കെ പതുക്കെ മാഷിന്റെ സമനില തെറ്റി
ഈ സിഗരറ്റു കൂടുകളിൽ എല്ലാം അവൾക്ക് കത്ത് എഴുത്തുകയാണ് മാഷ് . എന്നിട്ടു പോസ്റ്റ് ബോക്സിൽ ഇടും. ദിവസവും പത്തും പതിനഞ്ചും സിഗരറ്റ് കൂടിൽ എഴുതിയ കത്തുകൾ ഉണ്ടാകും പോസ്റ്റ് ബോക്സിൽ.
കത്തെടുക്കാൻ വരുന്ന ജീവനക്കാരൻ അയ്യപ്പന് നല്ല പണിയാണ് എന്നാലും അയ്യപ്പൻ പറയും സാരമില്ല നൊസ്സുള്ള ആളല്ലേ ... ബോധമുണ്ടെങ്കിൽ ഇത് ചെയ്യില്ലല്ലോ …
ഇപ്പോഴും പ്രതിക്ഷയുടെ ചെറിയ നാമ്പുകൾ മാഷിന്റെ എരിയുന്ന മനസിൻറെ കോണിൽ എവിടെയെങ്കിലും ഉണ്ടാകാം. ഇനിയും ആ കുട്ടി തിരിച്ചു വരും എന്ന്.
ചില സങ്കടങ്ങൾ അങ്ങനെയാണ്.
സ്നേഹം അത്ര ശക്തമാണ് തകർക്കുവാനും നന്നാക്കുവാനും ശക്തിയുള്ള വജ്രായുധം . ഉപയോഗിക്കുന്നവന്റെ മനസാണ് ആയുധത്തിന്റെ ശക്തിയുടെ അളവുകോൽ
നടന്നു മണിയേട്ടന്റെ ഹോട്ടലിനു മുമ്പിൽ എത്തി. ഒരു ചായ കുടിച്ചിട്ടാകാം ഇനി നടപ്പ്. ചായ കുടിച്ചു പുറത്തിറങ്ങിയപ്പോൾ ലോട്ടറി വിൽക്കുന്ന കൃഷ്ണൻ മുമ്പിൽ നില്കുന്നു.. കൃഷ്ണന് കണ്ണ് കാണില്ല. ജന്മനാ അന്ധൻ ആണ്. മണിയേട്ടൻ കൃഷ്ണന് ഇരിക്കാൻ ഒരു കസേര കൊടുത്തിട്ടുണ്ട് പാവം എത്ര നേരം നില്കും.
ഞാൻ ചോദിച്ചു. കൃഷ്ണാ നാളത്തെ ടിക്കറ്റ് ഉണ്ടോ?
ഉണ്ടല്ലോ, ഇതാ നോക്കി എടുത്തോ.
ഒരു ലോട്ടറി കൂടി ചിലവായതിന്റെ സന്തോഷം കൃഷ്ണന്റെ മൂഖത്തു തെളിഞ്ഞു
കണക്കിൽ പണ്ടേ മോശമാണ് അത് കൊണ്ട് നമ്പർ ഒന്നും നോക്കിയില്ല
ഒരെണ്ണണം എടുത്തു മടക്കി പോക്കറ്റിൽ ഇട്ടു
ഇന്ന് സൈക്കിൾ എന്തിയേ ? കൃഷ്ണൻ ചോദിച്ചു
പഞ്ചറായി.. രൂപ കൃഷ്ണന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു
നന്നായി ഇടയ്ക്കു നടക്കുന്നത് നല്ലതാ ..
കൃഷ്ണന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി...
കൃഷ്ണന് ഓരോരുത്തരെയും അവരുടെ ശബ്ദത്തിൽ നിന്നും തിരിച്ചറിയാം
ചിലരെ അവരുടെ നടപ്പിൻറെ ശബ്ദത്തിൽ നിന്ന് പോലും തിരിച്ചറിയും
കയ്യിലുള്ള വടി ഉപയോഗിച്ച് ഭൂമിയിലെ ഓരോ സ്പന്ദനങ്ങളും കൃഷ്ണൻ അറിയും. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന കൃഷ്ണൻ ഓരോ സ്ഥലങ്ങളിലൂടെ പോയി ലോട്ടറി ടിക്കറ്റുകൾ വിറ്റ് ഉച്ചയാകുമ്പോളാണ് ഇവിടെ എത്തുക.
മുമ്പിൽ വരുന്ന ഓരോ പ്രതിബന്ധങ്ങളെയും എത്ര നിസ്സാരമായിട്ടാണ് അയാൾ കൈകാര്യം ചെയ്യുന്നത്
ഒരായുസ്സ് മുഴുവൻ
ഇരുട്ടിന്റെ മൂടുപടത്തിൽ ജീവിക്കുമ്പോഴും ഒരു ചിരിയിൽ ആയിരം നക്ഷത്രങ്ങളുടെ
വെളിച്ചം തീർക്കുന്ന അയാളോട് എനിക്ക് ബഹുമാനം തോന്നി. കുടുംബവും കുട്ടികളും പരിമിതങ്ങളായ
സ്വപനങ്ങളും ആയി അയാൾ എത്ര മനോഹരമായിട്ടാണ് ജീവിക്കുന്നത്
മുന്നോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞു വേണം മെയിൻ റോഡിലേക്ക്
കയറുവാൻ. ഞാൻ നടത്തം സ്പീഡിൽ ആക്കി. വലതുവശത്തുള്ള തെങ്ങിന്തോപ്പിൽ ഒരാൾ ഇരുന്നു തേങ്ങ പൊതിക്കുന്നതു ഞാൻ കണ്ടു. ഇരുന്നു തേങ്ങാ പൊതിക്കുന്നത് കണ്ടപ്പോൾ ഞാൻ
ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി. മൂന്ന്
സ്റ്റൂളുകൾ മുകളിൽ മുകളിൽ ഇട്ടു അതിനു മുകളിൽ ആണ് അയാൾ ഇരിക്കുന്നത് അപ്പോളാണ് ഞാൻ
അത് ശ്രദ്ധിച്ചത് അയാൾ ഒരു കമ്പി കൊണ്ടാണ് തേങ്ങകൾ കുത്തിയെടുക്കുന്നത് പിറകിൽ മുഴുവൻ
തേങ്ങാതൊണ്ടുകൾ ആയതുകൊണ്ട് എനിക്കയാളുടെ മുഖം കാണാൻ പറ്റുന്നില്ലായിരുന്നു
ഞാൻ അയാളുടെ
അടുത്തേക്ക് ചെന്നു അപ്പോളാണ് ഞാൻ അത് കണ്ടത് അയാൾക്കു രണ്ടു കാലുകളും ഇല്ല
അതുകൊണ്ടാണ് അയാൾ
കമ്പി ഉപയോഗിച്ചു തേങ്ങാ കുത്തിയെടുക്കുന്നത്
എന്നിട്ടാണ് പാരയിൽ വെച്ച് പൊളിക്കുന്നത്
ഞാൻ അയാളെ നോക്കി
പുഞ്ചിരിച്ചു
അയാൾ തല തിരിച്ചു് എന്നെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് അയാൾ ജോലി
തുടർന്നു
കാലിനു എന്ത്
പറ്റിയതാണെന്ന് ഞാൻ ചോദിച്ചില്ല
ഇന്ന് തീരുമോ ?
ഞാൻ ചോദിച്ചു
ഇല്ല നാളെ തീരും
പോട്ടേ….
പറഞ്ഞിട്ട് ഞാൻ
തിരിഞ്ഞു നടന്നു
ശരി
അയാൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു
പണി തീരുമ്പോൾ
അയാളുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമായിരിക്കും
പിന്നെ
മുന്നോട്ടു നടക്കുമ്പോൾ മുഴുവൻ അയാളുടെ മുഖമായിരുന്നു
വീട്ടിൽ
ചെന്നപ്പോൾ അമ്മ ചോദിച്ചു
സൈക്കിൾ എന്തിയേ ?
പഞ്ചറായീ ...
ഞാൻ പറഞ്ഞു
അപ്പൊ ഇന്നും
തലമുടി വെട്ടിച്ചില്ല ....
അമ്മ ചോദ്യത്തോടെ
നിർത്തി
ഞാൻ ചിരിച്ചു....
അമ്മ ഒന്നും
മിണ്ടാതെ അടുക്കളയിലോട്ടു പോയി
തിരിച്ചു
ചായയുമായി വന്ന അമ്മയോട് ഞാൻ പറഞ്ഞു അമ്മ ഒരു പശുവിനെ വാങ്ങുന്ന കാര്യം പറഞ്ഞില്ലേ
ഉം
അമ്മ മൂളി
ഇരുപതിനായിരം രൂപ
ഞാൻ തരാം ....
അമ്മ ഞെട്ടി പ്പോയി
നീ എന്താ പറഞ്ഞത്
എന്റെ അടുത്തു
കുറച്ചു പൈസയുണ്ട്
ഇനി അമ്മ അലഞ്ഞു
നടന്നു പണിയെടുക്കണ്ട
ഒരു
പശുവുണ്ടെങ്കിൽ ഒരു വരുമാനം ആകുമല്ലോ?
അമ്മയുടെ മുഖം
താമര പോലെ വിടരുന്നത് ഞാൻ കണ്ടു
എന്റെ പൈസ
കിട്ടുന്നതിനേക്കാളുപരി
ഞാൻ ഇത്രയും
സമ്പാദിച്ചു എന്നതാണ് അമ്മയെ സന്തോഷിപ്പിച്ചത്
അത്താഴം കഴിച്ചു
ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ ചിന്തിച്ചു പുതിയ രണ്ടു റിം വാങ്ങണം
ട്യൂബ്
കംപ്ലൈന്റ് ആയിട്ടില്ലെങ്കിൽ അത് വെച്ച്
അഡ്ജസ്റ്റ് ചെയ്യാം
ബൈക്ക് വാങ്ങാൻ
വെച്ച പണമാണ്
പലപ്പോഴായി
ഓവർടൈം ചെയ്തപ്പോൾ കിട്ടിയതും ശമ്പളത്തിന്റെ
ബാക്കി
കൂട്ടിവെച്ചതും ഒക്കെയാണ്
ബൈക്ക് പിന്നെ
വാങ്ങാം
ബൈക്ക് വാങ്ങാൻ
വെച്ച പൈസ ആണെന്നറിഞ്ഞാൽ ചിലപ്പോൾ അമ്മ പശുവിനെ വാങ്ങാൻ സമ്മതിക്കില്ല അത്
കൊണ്ടാണ് മനപ്പൂർവം പറയാതിരുന്നത്
സ്വന്തം
വൈകല്യങ്ങളെയും പ്രയാസങ്ങളെയും പോരാട്ടവീര്യത്തോടെ കാണുന്ന ഇവരെല്ലാം നല്ല പോരാളികൾ തന്നെയാണ്
പുതപ്പിനുള്ളിലേക്കു
ചുരുണ്ടു കൂടുമ്പോൾ പുറത്തു മഴ
ഇടിവെട്ടി പെയ്തു തുടങ്ങിയിരുന്നു
അപ്പോഴും എന്റെ
മനസിൽ തേങ്ങാ പൊളിക്കുന്ന അയാളുടെ മുഖമായിരുന്നു.
Comments
Post a Comment